കുമ്പള (കാസര്‍ഗോഡ്): കേരളത്തോടുള്ള ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കു പ്രോത്സാഹനമേകുന്നതാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസനമുന്നേറ്റജാഥ കുമ്പളയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും ആന്ധ്രപ്രദേശിലും കേന്ദ്രബജറ്റില്‍ അതിവേഗ റെയില്പാതഅനുവദിച്ചിട്ടുണ്ട്. അതു നല്ല കാര്യമാണ്. പക്ഷേ എന്താണ് കേരളത്തിന്റെ അയോഗ്യത? അതേക്കുറിച്ച് നാം ബോധവാന്മാരേകണ്ടതുണ്ട്.
പുതിയ പദ്ധതികള്‍ വരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടല്ല കേരളത്തില്‍ ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും നാടിന്റെ പൊതു ആവശ്യത്തിനായി ഒരുമിച്ച് ശബ്ദമുയര്‍ത്തും. എന്നാല്‍, എല്ലാ പദ്ധതികളെയും എതിര്‍ക്കുന്ന നിലപാടാണ് മുഖ്യപ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്നത്. ഇതു കേരളത്തെ ദ്രോഹിക്കാനുള്ള അവസരമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്, എം.വി. ജയരാജന്, ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരന്, പി.എം. സുരേഷ്ബാബു, മനയത്ത് ചന്ദ്രന്, കാസിം ഇരിക്കൂര്‍, ബാബു ഗോപിനാഥ്, വടക്കോട് മോനിച്ചന്, എ.ജെ. ജോസഫ്, നൈസ് മാത്യു എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന് സ്വാഗതം പറഞ്ഞു.
ഇന്നു രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിനു കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിനു കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ജാഥ 16നു പാലക്കാട് തരൂരില്‍ സമാപിക്കും